മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം; പരീക്ഷാ കണ്‍ട്രോളര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്
Friday, November 10, 2023 11:18 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചത് സോഫ്റ്റ്വെയറിലെ പിഴവാണെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടിയുണ്ടായില്ലെന്നാണ് വിമര്‍ശനം.
ഈ കാലതാമസം അനാവശ്യ വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയെന്നും ഇത് സംബന്ധിച്ച രേഖയില്‍ പറയുന്നു. കണ്ട്രോളര് കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു.
കോളജിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ആളുകളില്‍ തെറ്റായ ധാരണ ഉണ്ടാക്കാന്‍ ഈ സംഭവം ഇടയാക്കി. ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഷയം സമ്മര്‍ദത്തിലാക്കി.
സമാനമായ വീഴ്ചകള്‍ ഇനിയും ഉണ്ടായാല്‍ കര്‍ശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുണ്ടായിരുന്ന അധ്യാപകന് ലഭിച്ച താക്കീതില്‍ പറയുന്നു.
എഴുതാത്ത പരീക്ഷയില്‍ ആര്‍ഷോ വിജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക, കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു.
തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന ആര്‍ഷോയുടെ പരാതിയിലായിരുന്നു നടപടി. പിന്നീട് തെളിവില്ലെന്ന് കണ്ടെത്തിയതോടെ മാധ്യമപ്രവര്‍ത്തകയെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു.