തലശേരിയിൽ വീണ്ടും അജ്ഞാതരോഗം; 22 വിദ്യാർഥിനികൾ ആശുപത്രിയിൽ
Friday, November 10, 2023 6:41 PM IST
തലശേരി: സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്പ് തലശേരിയിൽ വീണ്ടും അജ്ഞാത രോഗം. അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 22 വിദ്യാർഥിനികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 15 വിദ്യാർഥിനികളുടെ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് ദേഹമാസകലം ചൊറിച്ചിലും വേദനയും അനുഭപ്പെട്ടത്. സ്കൂളിന് ഇന്ന് അധികൃതർ അവധി നൽകിയിരുന്നു. വ്യാഴാഴ്ച പകൽ സമയങ്ങളിൽ അസ്വസ്ഥത നേരിട്ട 20 വിദ്യാർഥിനികളെ അധ്യാപകരാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്. രണ്ട് കുട്ടികളെ രാത്രി രക്ഷിതാക്കളും ആശുപത്രിയിലെത്തിച്ചു.
പരിയാരം മെഡിക്കൽ കോളജിൽ അഞ്ച് വിദ്യാർഥിനികളും ജനറൽ ആശുപത്രിയിലും നഗരത്തിലെ രണ്ട് സഹകരണ ആശുപത്രികളിലുമായി 12 വിദ്യാർഥിനികളുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആരോഗ്യ വിഭാഗം വ്യാഴാഴ്ച തന്നെ സ്കൂളിൽ എത്തി പരിശോധന നടത്തി. കൊതുക് നശീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചിൽ ഉൾപ്പെടെ കുട്ടികളിൽ വ്യത്യസ്ത രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വേദനയോട് കൂടിയ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടക്കരച്ചിലായി. വിവിധ ആശുപത്രികളിൽ കുട്ടികൾ നിരീക്ഷണത്തിലാണെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ല.
ചില കുട്ടികൾക്ക് ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരിൽനിന്നു രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി തലശേരി ജനറൽ ആശുപത്രിയിലെ ആർഎംഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികൾക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്. സ്കൂൾ അധികൃതർ പെട്ടെന്ന് തന്നെ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
രക്ത പരിശോധന ഫലം വന്നാൽ മാത്രമേ രോഗകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. കഴിഞ്ഞ ദിവസം തലശേരി കോടതികളിലെ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചിരുന്നു. ഇത് പിന്നീട് സിക്ക വൈറസാണെന്ന് സ്ഥിരീകരിച്ചു.