കുസാറ്റിൽ വീണ്ടും സംഘർഷം; നാല് കെഎസ്യു പ്രവർത്തകർക്ക് പരിക്ക്
Saturday, November 11, 2023 12:23 PM IST
കൊച്ചി: കുസാറ്റിലെ സഹാറ ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ നാല് കെഎസ്യു പ്രവർത്തകർക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഘർഷമുണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആഹ്ലാദപ്രകടനമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
തെരഞ്ഞെടുപ്പിൽ സഹാറ ഹോസ്റ്റലിൽനിന്നുള്ള രണ്ട് കെഎസ്യുക്കാർ വിജയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പടക്കംപൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തിയത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്യുകയും ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒരു വിദ്യാർഥിയുടെ കണ്ണിന് സാരമായ പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ 14 പേർക്കെതിരേ പോലീസ് വധശ്രമം, മാരകായുധങ്ങൾക്കൊണ്ട് പരുക്കേൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും കളമശേരി പോലീസ് അറിയിച്ചു. യൂണിയൻ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ 13 സീറ്റ് എസ്എഫ്ഐ നേടി.
അതേസമയം കെഎസ്യു - എസ്എഫ്ഐ സംഘർഷത്തിന് മുൻപ് രാത്രി പത്തോടെ എംഎസ്എഫ് പ്രവർത്തകരുമായും കെഎസ്യു പ്രവർത്തകർ വാക്കേറ്റം നടത്തിയിരുന്നു. മുൻധാരണപ്രകാരം കുസാറ്റിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എംഎസ്എഫിനെയാണ് തീരുമാനിച്ചത്. എന്നാൽ ഇതിൽ കെഎസ്യു ആണ് വിജയിച്ചത്. ഇതേത്തുടർന്നു കെഎസ്യു കാലുവാരി എന്നാരോപിച്ചാണ് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.