കേന്ദ്രം നല്കുന്ന തുക വകമാറ്റുന്നു; കർഷക ആത്മഹത്യയുടെ ഉത്തരവാദി സർക്കാർ: കെ. സുരേന്ദ്രൻ
Saturday, November 11, 2023 1:02 PM IST
പത്തനംതിട്ട: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രസാദിന്റെ മരണത്തിനു കാരണം പിണറായി സർക്കാരിന്റെ മനഃസാക്ഷിയില്ലാത്ത നയങ്ങളാണ്. കർഷകർക്ക് കൊടുക്കാൻ പണമില്ല, കേരളീയത്തിന് ചെലവഴിക്കാൻ പണമുണ്ട്. അതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നെൽകർഷകർക്ക് കേന്ദ്രം അനുവദിക്കുന്ന തുക നെല്ലിന്റെ സംഭരണവിലയിൽ നാലിൽ മൂന്നുഭാഗവും നല്കുന്നത് കേന്ദ്രമാണ്. ആ തുക കർഷകർക്ക് നേരിട്ടു കൊടുക്കാതെ സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കർഷകരോട് ബാങ്കിൽ നിന്ന് വായ്പയെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കർഷകർ വായ്പയെടുത്തിട്ട് സർക്കാർ അത് തിരിച്ചടയ്ക്കുന്നില്ല. അതിന്റെ ഫലമായി തുടർകൃഷിക്ക് കർഷകർക്ക് ബാങ്കുകൾ വായ്പ നല്കുന്നില്ല. ഇതാണ് പച്ചായ സത്യമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
യഥാർഥത്തിൽ കേന്ദ്രം അനുവദിക്കുന്ന ആ തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകൾ കേരളത്തിൽ നടക്കുമായിരുന്നില്ല. ഈ ആത്മഹത്യ സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളുടെ ഫലമായാണ്. കുട്ടനാട്ടിലും പാലക്കാട്ടും നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണെന്ന് തങ്ങൾ നേരത്തെ പറഞ്ഞിരുന്നതാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.