ഡൽഹിക്ക് ഹാപ്പി ദീപാവലി; വായുഗുണനിലവാരം വീണ്ടും മെച്ചപ്പെട്ടു
Sunday, November 12, 2023 10:42 AM IST
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ തെളിഞ്ഞ ആകാശവും സമൃദ്ധമായ സൂര്യപ്രകാശവും കണ്ടുകൊണ്ടാണ് ഡൽഹി നിവാസികൾ ഉണർന്നത്. വിഷപ്പുകമഞ്ഞിൽ ശ്വാസംമുട്ടിയ രാജ്യതലസ്ഥാനത്തിന് ദീപാവലി ദിനത്തിൽ ആശ്വാസത്തിനു വക നല്കുന്നതാണ് പുതിയ കണക്കുകൾ.
നഗരത്തിലെ വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ ഏഴിന് 202 ആയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിലെ ഏറ്റവും മികച്ച വായുഗുണനിലവാരമാണ് ഇന്നു രേഖപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ ഏഴിന് ആനന്ദ് വിഹാറിൽ 266, ആർകെ പുരത്ത് 241, പഞ്ചാബി ബാഗ് മേഖലയിൽ 233, ഐടിഒ മേഖലയിൽ 227, എന്നിങ്ങനെയാണ് വായുഗുണനിലവാരം രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും പെയ്ത ഇടവിട്ടുള്ള മഴയും കാറ്റുമാണ് രണ്ടാഴ്ചയോളം തലസ്ഥാനനഗരിയിൽ തങ്ങിനിൽക്കുന്ന വിഷവായുവിൽ നിന്ന് വലിയ ആശ്വാസം നൽകിയത്. വ്യാഴാഴ്ച ശരാശരി വായുഗുണനിലവാര തോത് 437 ആയിരുന്നു.
ശനിയാഴ്ചത്തെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 220 ആണ്. ഇത് എട്ട് വർഷത്തിനിടെ ദീപാവലിക്ക് മുമ്പുള്ള ദിവസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 312, 2021ൽ 382, 2020ൽ 414, 2019ൽ 337, 2018ൽ 281, 2017ൽ 319, 2016ൽ 431 എന്നിങ്ങനെയാണ് വായുഗുണനിലവാരം രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ദീപാവലിക്ക് തലസ്ഥാന നഗരത്തിനുള്ളിൽ പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരക്കേറിയ നിരത്തുകൾ, മലിനീകരണ വ്യവസായങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ, നിർമാണവും പൊളിക്കലും നടക്കുന്ന സൈറ്റുകൾ തുടങ്ങിയവ പോലുള്ള ഉയർന്ന വായു മലിനീകരണമുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നല്കിയിട്ടുണ്ട്.