മണ്ണിടിച്ചിൽ: നെടുങ്കണ്ടം-കമ്പം ദേശീയപാതയിൽ ഗതാഗത തടസം; ഭാരവാഹനങ്ങൾക്ക് വിലക്ക്
Sunday, November 12, 2023 3:13 PM IST
ഇടുക്കി: മണ്ണിടിച്ചിലിനെ തുടർന്ന് നെടുങ്കണ്ടം-കമ്പം ദേശീയപാതയിൽ ഗതാഗത തടസം. ഇന്ന് പുലര്‍ച്ചയോടെ ശാസ്തവളവ് ഭാഗത്താണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
തമിഴ്നാട്ടില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. നിലവിൽ ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.
ഭാരവാഹനങ്ങള്‍ രണ്ടുദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചതായി തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതല്‍ അടച്ചിട്ട കമ്പംമേട് ചെക്ക് പോസ്റ്റ് ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
ചരക്ക് വാഹനങ്ങള്‍ നിലവില്‍ കുമളി വഴിയാണ് കടന്ന് പോകുന്നത്. അപകടാവസ്ഥയില്‍ വന്‍ പാറക്കഷണം നിലനില്‍ക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.