പിണറായി ഭരണത്തിൽ പാവങ്ങളും കർഷകരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്: കെ. സുരേന്ദ്രൻ
Sunday, November 12, 2023 7:17 PM IST
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിൽ പാവങ്ങളും കർഷകരും ആത്മഹത്യ ചെയ്യേണ്ട അഅവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കടക്കെണിയിൽപെട്ട കർഷകൻ കുട്ടനാട് ആത്മഹത്യ ചെയ്തതിനു പിന്നാലെ ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയത്. വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വീടിന് വേണ്ടി ഏഴുലക്ഷം പേരുടെ അപേക്ഷകളാണ് സർക്കാരിന്റെ കൈയിൽ കെട്ടികിടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകൾ ആവർത്തിച്ച് വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീട് കൊടുക്കുന്നില്ല.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അർബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു.
കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.