മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു
Monday, November 13, 2023 4:26 AM IST
വാഷിംഗ്ടണ്‍ ഡിസി: കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു.
പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് എന്നാണ് വിവരം.
ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്തരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. ""അവരുടെ ജീവിതത്തിലെ ഓരോ ദിവസവും സമര്‍പ്പിച്ചിരുന്നത് രാജ്യത്തിനു വേണ്ടിയായിരുന്നു. ആ പോരാളികളുടെ കുടുംബങ്ങള്‍ക്കായി നമുക്ക് ഇന്നും എന്നും പ്രാര്‍ഥിക്കാം'' ബൈഡന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എവിടേക്ക് പറക്കുമ്പോഴാണ്,എവിടെ വച്ചാണ് അപകടം നടന്നത് അടക്കമുള്ള കാര്യങ്ങളൊന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമല്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് വിമാനവാഹിനി കപ്പലുകളും ജെറ്റുകളും യുഎസ് കിഴക്കൻ മെഡിറ്ററേനിയനിലേക്ക് മാറ്റിയിരുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ മുൻ കരുതലെന്ന നിലയിലാണ് മേഖലയിൽ ഇവ വിന്യസിച്ചത്. വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് ലെബനൻ ആസ്ഥാനമാക്കിയുള്ള ഭീകരസംഘടന ഹിസ്ബുള്ളയെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും യുഎസിനുണ്ട്.