കോഴിക്കോട്ട് കാണാതായ സ്ത്രീ കൊല്ലപ്പെട്ടെന്ന് സൂചന; ആണ്‍സുഹൃത്ത് കീഴടങ്ങി
Monday, November 13, 2023 9:48 AM IST
കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട്ട് നിന്ന് കാണാതായ സ്ത്രീ കൊല്ലപ്പെട്ടെന്ന് സൂചന. ഇവരുടെ സുഹൃത്ത് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ വേണ്ടി ഇവരെ കൊലപ്പെടുത്തിയെന്നും മൃതദേഹം നാടുകാണി ചുരത്തിൽ തള്ളിയെന്നും ഇയാള്‍ മൊഴി നല്കി.
കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ(57) ആണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ സമദ് കസബ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. സ്ത്രീയുമായി ഫോണിലൂടെയാണ് പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് ഇവരെ കാറിൽ കയറ്റിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം നാടുകാണി ചുരത്തിൽ ഉപേക്ഷിച്ചെന്നുമാണ് മൊഴി.
സുഹൃത്തായ ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെടുക്കാന്‍ കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടുകാണി ചുരത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്.