കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി നവകേരള സദസ് കുളമാക്കാന്‍: മന്ത്രി റിയാസ്
Tuesday, November 14, 2023 9:58 AM IST
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി നവകേരള സദസ് കുളമാക്കാനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തേ തീരുമാനിച്ചതാണ്. കോണ്‍ഗ്രസിന്റെ റാലി മറ്റെവിടെയെങ്കിലും നടത്താമല്ലോയെന്നും മന്ത്രി ചോദിച്ചു.
രണ്ട് ദിവസം മുമ്പല്ല പരിപാടിയുടെ വേദി തീരുമാനിക്കേണ്ടത്. പലസ്തീന് പ്രശ്നത്തില്‍ ആത്മാര്‍ഥമായ നിലപാടുണ്ടെങ്കില്‍ പരിപാടി നടത്താന്‍ കോഴിക്കോട് നിരവധി സ്ഥലങ്ങളുണ്ട്.
പലസ്തീന് വിഷയത്തോട് ആത്മാര്‍ഥതയില്ലാത്തതുകൊണ്ടാണ് സര്‍ക്കാരിന്റെ പരിപാടി പൊളിക്കാനുള്ള മത്സരമായി അതിനെ കാണുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്.
നവംബര്‍ 25നാണ് നവകേരള സദസ്. 23നാണ് കോണ്‍ഗ്രസ്, പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.