വീണ്ടും ഗുരുതരാവസ്ഥയിലേക്ക്; ദീപാവലിക്കു ശേഷം ഡൽഹിയിൽ വായുഗുണനിലവാരം താഴേക്ക്
Tuesday, November 14, 2023 10:51 AM IST
ന്യൂഡൽഹി: ദീപാവലിക്ക് രണ്ടുദിവസങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം വീണ്ടും "ഗുരുതരമായ" വിഭാഗത്തിലേക്ക്. വിലക്ക് ലംഘിച്ച് കരിമരുന്ന് പ്രയോഗം നടത്തി ആളുകള്‍ ദീപാവലി ആഘോഷിച്ചതിന് പിന്നാലെയാണ് വായു ഗുണനിലവാര സൂചിക പല മേഖലകളിലും താഴ്ന്നത്.
ഐടിഒയിലെ വായു ഗുണനിലവാര സൂചിക രാവിലെ ആറിന് 430 രേഖപ്പെടുത്തിയപ്പോൾ, ജഹാംഗീർപുരിയിൽ ഇത് 428, ആർകെ പുരത്ത് 417, പഞ്ചാബി ബാഗിൽ 410 എന്നിങ്ങനെയായിരുന്നു.
തിങ്കളാഴ്ച ഡൽഹിയിൽ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 358 രേഖപ്പെടുത്തിയിരുന്നു.
ഡൽഹിയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ പെയ്ത മഴയും കാറ്റും മൂലം വായുഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.