കോഴിക്കോട്ടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ മന്ത്രി റിയാസ്: ഡിസിസി പ്രസിഡന്റ്
Tuesday, November 14, 2023 10:56 AM IST
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍.
കോഴിക്കോട് ബീച്ചില്‍ പരിപാടി നടത്താന്‍ 16 ദിവസം മുമ്പ് വാക്കാല്‍ അനുമതി അനുമതി ലഭിച്ചതാണ്. പിന്നീട് ഇത് അട്ടിമറിക്കുകയായിരുന്നെന്ന് പ്രവീണ്‍കുമാര്‍ ആരോപിച്ചു.
കടപ്പുറത്ത് തന്നെ തങ്ങള്‍ റാലി സംഘടിപ്പിക്കും. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി മുന്നോട്ട് പോകുമെന്നും പ്രവീണ്‍കുമാര്‍ പ്രതികരിച്ചു.
കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് ഡിസിസിയുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്.
നവംബര്‍ 25നാണ് നവകേരള സദസ്. 23നാണ് കോണ്‍ഗ്രസ് പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.