കനത്ത മഴ തുടരുന്നു; തമിഴ്നാട്ടിലെ നാലു ജില്ലകളിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്ക് അവധി
Tuesday, November 14, 2023 11:47 AM IST
ചെന്നൈ: തമിഴ്നാട്ടിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കടലൂർ, മയിലാടുതുറൈ, വില്ലുപുരം ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്ന് സ്കൂളുകൾക്കും കോളജുകൾക്കും മഴ അവധി പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ചക്രവാതച്ചുഴിയെ തുടർന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ഉയരുമെന്നും മുന്നറിയിപ്പ് നൽകി.
തമിഴ്നാടിന്റെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വടക്കുകിഴക്കൻ മൺസൂൺ നിർണായകമാണ്. കഴിഞ്ഞയാഴ്ച വരെ സംസ്ഥാനത്ത് സാധാരണ മഴയേക്കാൾ 17% കുറവായിരുന്നു ലഭിച്ചിരുന്നത്.