പരീക്ഷകളില്‍ തല മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് വിലക്ക്; ഹിജാബ് നിരോധനത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍
Tuesday, November 14, 2023 1:21 PM IST
ബംഗളൂരു: ഹിജാബ് നിരോധനത്തില്‍ നിലപാട് മാറ്റി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കര്‍ണാടക എക്സാമിനേഷന് അതോറിറ്റി നടത്തുന്ന മത്സരപരീക്ഷകളില്‍ തല മറയ്ക്കുന്ന ഏത് വസ്ത്രവും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവില്‍ ഹിജാബ് നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ ഇത് നിയമസഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടെടുപ്പ് അടക്കം നടത്തിയശേഷമേ പിന്‍വലിക്കാനാകൂ. ഇതിന്റെ നിയമക്കുരുക്ക് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന.
കര്‍ണാടക എക്സാമിനേഷന് അതോറിറ്റി നടത്തുന്ന പരീക്ഷകളില്‍ ഹിജാബ് ധരിക്കാമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. നിയമക്കുരുക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള താത്ക്കാലിക നടപടി മാത്രമാണിതെന്നാണ് വിലയിരുത്തല്‍.
2022 ഫെബ്രുവരിയിലാണ് ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചത്. ഹിജാബ് നിരോധനം പിന്‍വലിക്കുമെന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം മത്സരപരീക്ഷകളില്‍ ഹിജാബ് ധരിക്കാമെന്ന് ഉത്തരവിറക്കിയത്.