ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾക്ക് കാരണം മോദി: എസ്. ജയശങ്കർ
Tuesday, November 14, 2023 3:39 PM IST
ലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യ കണ്ട വിപ്ലവകരമായ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയതായിരൂന്നു അദ്ദേഹം.
ലോകത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, ഇന്ത്യ-യുകെ ബന്ധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച പരാമർശം നടത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന പദ്ധതികളുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികളായ "ബേട്ടി പഠാവോ ബേട്ടി ബചാവോ, ജൻധൻ യോജന ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ട്അപ്പ് ഇന്ത്യ' എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മോദി സർക്കാർ പത്താം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യത്തുടനീളം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഒട്ടനവധി കോളജുകൾക്കും സർവകലാശാലകൾക്കും തുടക്കം കുറിക്കാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-ബ്രിട്ടൻ ബന്ധം കൂടുതൽ സജീവമാക്കാൻ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളിലും കഴിഞ്ഞ 10 വർഷത്തിനിടെ ഒട്ടനവധി മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പരസ്പര പങ്കാളിത്തം കൂടുതൽ ഊർജിതമാക്കാൻ പുത്തൻ വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.