കോണ്‍ഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി
Tuesday, November 14, 2023 5:34 PM IST
കോഴിക്കോട്: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചിൽ നടത്താൻ നിശ്ചയിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി. കോഴിക്കോട് ബീച്ചിൽ തന്നെ കോൺഗ്രസിനു വേദി അനുവദിക്കാൻ തീരുമാനമായി. ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റാലിയെ സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഡിസിസി പ്രസിഡന്റുമായി സംസാരിച്ചിരുന്നു. ഫ്രീഡം സ്ക്വയറിനു നൂറ് മീറ്റർ മാറിയാണ് കോണ്‍ഗ്രസ് റാലിക്ക് വേദി നൽകുന്നത്. നവംബർ 23ന് കോഴിക്കോട് ബീച്ചില്‍ നടത്താനിരുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിയിച്ചു.
25ന് അതേസ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിന്റെ സുരക്ഷാ കാരണങ്ങളാലാണ് വേദിക്ക് അനുമതി നിഷേധിച്ചത്. കോണ്‍ഗ്രസിന്റെ റാലി കഴിഞ്ഞാല്‍ ഒരു ദിവസം മാത്രമാണ് നവകേരള സദസിന്റെ ഒരുക്കത്തിനു ലഭിക്കുക. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് അനുമതി നിഷേധിച്ചത്.