രാജ്ഭവൻ അധികതുക ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ
Tuesday, November 14, 2023 7:07 PM IST
തിരുവനന്തപുരം: യാത്രയ്ക്കും അതിഥിസത്കാരത്തിനുമുള്ള തുകയിൽ വർധന വേണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുസംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറുടെ യാത്രയ്ക്കും അതിഥിസത്കാരത്തിനുമുള്ള തുകയിൽ രാജ്ഭവൻ വർധന ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതു തള്ളിയാണ് ഗവർണർ രംഗത്തുവന്നത്.
അതിഥികൾക്കായുള്ള ചെലവുകളിൽ 20 ഇരട്ടിയുടെ വർധനയും വിനോദ ചെലവുകളിൽ 36 ഇരട്ടി വർധനവും രാജ്ഭവൻ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. കോണ്ട്രാക്ട് അലവൻസ്, ഓഫീസ് ചെലവുകൾ, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണച്ചെലവ് തുടങ്ങിയ രാജ്ഭവന്റെ ആശ്യങ്ങളാണ് സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്.
അതേസയമം ബജറ്റിൽ നിർദേശിച്ച പണം പോലും നൽകാത്തതിനെ തുടർന്ന് അടുത്തിടെ രാജ്ഭവന്റെ അടുക്കള പൂട്ടേണ്ട സാഹചര്യമുണ്ടായിരുന്നു. പിന്നീട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നൽകിയതിനെത്തുടർന്നാണ് 59 ലക്ഷം രൂപ അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ് ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ചട്ടങ്ങൾ അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യാത്രയ്ക്കായി ചെലവഴിച്ചത് ബജറ്റിൽ ആവശ്യപ്പെട്ടതിലും കൂടുതൽ തുകയാണെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ടൂർ ടിഎ ഇനത്തിൽ രാജ്ഭവൻ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയായിരുന്നു. എന്നാൽ, ഇതുവരെയുള്ള ചെലവ് 15 ലക്ഷമായി ഉയർന്നിരുന്നു.
ഗവർണർ ഇടയ്ക്കിടെ ഡൽഹിയിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വിമാനയാത്ര നടത്തുന്ന സാഹചര്യത്തിലാണ് യാത്രപ്പടി ഉയരുന്നതെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. രാജ്ഭവന്റെ നടപ്പു സാന്പത്തികവർഷത്തെ (2023- 24) ബജറ്റ് 12.52 കോടി രൂപയാണ്. കഴിഞ്ഞ ഒക്ടോബർ വരെയുള്ള ചെലവ് 6.70 കോടി രൂപയാണ്.