ഒരു ബില്ലിലും രണ്ട് പിഎസ്സി അംഗങ്ങളുടെ പട്ടികയിലും ഒപ്പുവച്ച് ഗവർണർ
Tuesday, November 14, 2023 11:38 PM IST
തിരുവനന്തപുരം: ബില്ലുകൾ ഒപ്പിടുന്നില്ലെന്ന കേസ് സുപ്രീംകോടതിയിൽ നിലനിൽക്കേ നിയമസഭ പാസാക്കിയ ഒരു ബില്ലിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടൊപ്പം പിഎസ്സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള മന്ത്രിസഭാ ശിപാർശയും അംഗീകരിച്ചു.
ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ച ശേഷം ഒരു ഫയലിൽ പോലും ഒപ്പിടാതെ മാറ്റിവയ്ക്കുകയായിരുന്നു ഗവർണർ. ഇതിനിടയിലാണ് ഇന്ന് ഫയൽ പരിശോധിച്ച് ഒരെണ്ണത്തിൽ ഒപ്പുവച്ചത്.
നിയമസഭ പാസാക്കിയ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലിനാണ് ഗവർണർ അംഗീകാരം നൽകിയത്.
കേരളത്തിൽ വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് ഈ ബിൽ. ഉത്പാദകർ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇതിൽ പറയുന്നുണ്ട്. ഇതു ലംഘിക്കുന്നവർക്കു തടവും പിഴയും ശിക്ഷയും ലഭിക്കും.
കഴിഞ്ഞ സെപ്റ്റംബർ 27ന് ചേർന്ന മന്ത്രിസഭാ യോഗം കെ.ബാലഭാസ്കരൻ, ഡോ.പ്രിൻസി കുര്യാക്കോസ് എന്നിവരെ പിഎസ്സി അംഗങ്ങളായി നിയമിക്കണമെന്ന ശിപാർശയാണ് ഗവർണർ അംഗീകരിച്ചത്.
ഇപ്പോൾ ഒരു ബില്ലിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ ഇനി നിയമസഭ പാസാക്കിയ 15 ബില്ലുകൾക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൻസുകൾക്കും ഗവർണറുടെ അംഗീകാരം ലഭിക്കാനുണ്ട്.