പാർട്ടിയെ സംരക്ഷിക്കാൻ എംഎൽമാർ ഒന്നും ചെയ്യുന്നില്ല; മാത്യു ടി. തോമസിനും കെ. കൃഷ്ണൻകുട്ടിക്കുമെതിരെ സി.കെ. നാണു
Wednesday, November 15, 2023 11:23 AM IST
തിരുവനന്തപുരം: പാര്‍ട്ടിയെ സംരക്ഷിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയും എംഎൽഎ മാത്യു ടി. തോമസും ഒന്നും ചെയ്യുന്നില്ലെന്ന് ജെഎഡിഎസ് ദേശീയ ഉപാധ്യക്ഷന്‍ സി.കെ. നാണു.
കോവളത്ത് വിളിച്ചുചേർത്ത ദേശീയ എക്സിക്യൂട്ടിവില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് വിലക്കിയതോടെയാണ് നേതൃത്വത്തിനെതിരെ സി.കെ. നാണു ആഞ്ഞടിച്ചത്.
പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ചുമതലയേറ്റെടുക്കണമെന്ന് മാത്യു ടി.തോമസും കെ.കൃഷ്ണന്‍കുട്ടിയും ഉള്‍പ്പടെ നേതാക്കളോട് പറഞ്ഞതാണെന്നും എന്നാല്‍ പ്രശ്നം കൈകാര്യം ചെയ്യാന്‍ സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയിൽ ചേർന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് എതിർപ്പുള്ള നേതാക്കളെ ഒരുമിച്ചുചേർക്കാനായി സി.കെ. നാണു കേരളത്തിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിന് എച്ച്.ഡി. ദേവഗൗഡ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പാർട്ടി നിർവാഹകസമിതി അംഗങ്ങളാരും പങ്കെടുക്കരുതെന്നായിരുന്നു ഗൗഡയുടെ നിർദേശം.
അതേസമയം ദേശീയ എക്സിക്യുട്ടീവ് മീറ്റിംഗിൽ നിന്നും കെ.കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും വിട്ടുനിൽക്കുകയാണ്.