യുഎസിൽ വെടിയേറ്റ മലയാളി യുവതിയുടെ നിലയിൽ പുരോഗതി
Wednesday, November 15, 2023 1:18 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി യുവതിയുടെ നിലയിൽ നേരിയ പുരോഗതി. രക്തസ്രാവത്തെ തുടർന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. യുവതി നിരീക്ഷണത്തിൽ തുടരുകയാണെന്നും വരുന്ന മണിക്കൂറുകൾ നിർണായകമാണെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കോട്ടയം ഉഴവൂർ കുന്നാംപടവിൽ എബ്രഹാം-ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് വെടിയേറ്റ് ചികിത്സയിലുള്ളത്. സംഭവത്തിൽ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ പ്രകോപനമാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. രണ്ട് മാസം ഗർഭിണിയായിരുന്നു മീര. ദമ്പതികൾക്ക് മൂന്ന് വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്.
മീരയുടെ ഇരട്ട സഹോദരി മീനു ഷിക്കാഗോയിൽ ഇവരുടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്.