കടുത്ത നിലപാടുമായി ജെഡിഎസ്; കെ.കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനും അന്ത്യശാസന
Wednesday, November 15, 2023 3:04 PM IST
തിരുവനന്തപുരം: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസ് എംഎൽഎയ്ക്കും അന്ത്യശാസനയുമായി ജെഡിഎസ് കേരളഘടകം. ഡിസംബർ ഒൻപതിന് ചേരുന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇരുവരും പങ്കെടുത്തില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജെഡിഎസ് കർണാടക മുൻ അധ്യക്ഷനായിരുന്ന സി.എം. ഇബ്രാഹിം പറഞ്ഞു. ഇരുവരും യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അവർക്കെതിരേ മുഖ്യമന്ത്രിയെ കാണാനാണ് നാണുപക്ഷത്തിന്റെ തീരുമാനം.
എൻഡിഎയുടെ സഖ്യകക്ഷിയാകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ദേവഗൗഡയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും ഡിസംബർ ഒൻപതിന് മുന്പായി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.എം. ഇബ്രാഹിമിനെ ദേശീയ പ്രസിഡന്റാക്കി ജെഡിഎസ് കോർ കമ്മിറ്റി ഉണ്ടാക്കാനാണ് കേരളാഘടകത്തിന്റെ നീക്കം. ഇതിനായി സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു.
ബിജെപിയിൽ ചേർന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് എതിർപ്പുള്ള നേതാക്കളെ ഒരുമിച്ചുചേർക്കാനായി സി.കെ. നാണു കേരളത്തിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിന് എച്ച്.ഡി. ദേവഗൗഡ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാർട്ടി നിർവാഹകസമിതി അംഗങ്ങളാരും പങ്കെടുക്കരുതെന്നായിരുന്നു ഗൗഡയുടെ നിർദേശം. കാരണം വ്യക്തമല്ലെങ്കിലും ഇന്ന് ചേർന്ന ദേശീയ എക്സിക്യുട്ടീവ് മീറ്റിംഗിൽ കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും പങ്കെടുത്തില്ല.