നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോ പോലീസ് കസ്റ്റഡിയിൽ; പ്രതികാര നടപടിയെന്ന് ആരോപണം
Wednesday, November 15, 2023 10:11 PM IST
കൊച്ചി: നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലാർപാടം ഹാൾട്ടിംഗ് സ്റ്റേഷൻ പെർമിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തിൽ സർവീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി.
ഇന്നലെ രാവിലെ 11.25 ഓടെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് മോശമായാണ് വിക്രമൻ പെരുമാറിയതെന്ന് പോലീസ് പറയുന്നു.
പോലീസ് മുൻ വൈരാഗ്യത്തോടെയാണ് പെരുമാറിയതെന്ന് വിക്രമൻ ആരോപിച്ചു. എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വന്നതായിരുന്നു. അവരെ ഇറക്കിയതിന് പിന്നാലെയായിരുന്നു പോലീസ് എത്തിയത്.
നീ വിനായകന്റെ ചേട്ടനല്ലേ എന്ന് പറഞ്ഞ് പോലീസ് ആക്രോശിച്ചുവെന്നും വിക്രമൻ പ്രതികരിച്ചു.അതേസമയം വിക്രമന് നേരെ സ്വാഭാവിക നടപടി മാത്രമാണ് എടുത്തിട്ടുള്ളെന്ന് കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക്ക് പോലീസ് അറിയിച്ചു.