ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഇടപെടലുകൾ ഫലംകാണുന്നു: മുഖ്യമന്ത്രി
Thursday, November 16, 2023 12:58 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികവിലേക്കുയർത്തുന്നതിനു സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകണ്ടു തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന റിപ്പോർട്ടുകളിലെ കേരളത്തിന്റെ മികവ് ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരള സമൂഹത്തെ പരിവർത്തിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് ഉയർത്തുന്നതിനു സർക്കാർ പ്രത്യേക ഇടപെടലുകൾ നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ++ നേടി. രാജ്യത്താകെ ആറു സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കാലിക്കറ്റ്, എംജി, സംസ്കൃത സർവകലാശാലകൾ എ+ ഗ്രേഡ് നേടി.
16 കോളജുകളാണ് കേരളത്തിൽനിന്ന് എ++ ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളജുകൾ എ+ ഗ്രേഡും 53 കോളജുകൾ എ ഗ്രേഡും സ്വന്തമാക്കി. ഇതിനു പുറമേയാണ് മഹാത്മാഗാന്ധി സർവകലാശാല ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വേൾഡ് റാങ്കിംഗിൽ മുന്നിലെത്തിയത്.
ഇത്തരം മികവിലേക്ക് എത്താൻ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയതിൽ സർക്കാർ നടത്തിയ പ്രത്യേക ഇടപെടലുകൾക്കു പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.