മയ്യഴി: മാഹി പാലം സുരക്ഷിതമാണെന്ന് ഉറപ്പ് പറയുന്നത് ഏത് ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി ഹൈക്കോടതി. പാലം അപകടവസ്ഥയിലാണ് എന്നത് ശരിയല്ലെന്നും പാലം സുരക്ഷിതമാണെന്നുമുള്ള കേന്ദ്ര ദേശീയപാതാ അധികൃതരുടെ വാദത്തെ കോടതി തള്ളുകയും ചെയ്തു.

മാത്രമല്ല പാലം സുരക്ഷിതമാണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമാക്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലം അപകടാവസ്ഥയിലായതിനാല്‍ ഭാരമേറിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നു പോകുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് മയ്യഴിക്കൂട്ടം ഹര്‍ജി നല്‍കിയിരിരുന്നു. ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇക്കാല ഉത്തരവ് വന്നിരിക്കുന്നത്.

അറ്റക്കുറ്റപ്പണി നടത്തിയാല്‍ പരിഹരിക്കപ്പെടാവുന്ന തകരാറുകളെ പാലത്തിനുള്ളൂവെന്നാണ് കേന്ദ്ര ദേശീയപാതാ അധികൃതരുടെ വാദം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

മാത്രമല്ല മുഴുപ്പിലങ്ങാട്-അഴിയൂര്‍ നാലുവരി ബൈപ്പാസിന്‍റെ പണികള്‍ പുരോഗമിക്കുകയാണെന്നും ബൈപ്പാസ് തുറക്കുന്നതോടെ ഈ പാലത്തിലൂടെയുള്ള ഗതാഗതം കുറയുമെന്നുമാണ് അധികൃതരുടെ വാദം.

പാലത്തിലെ ചെറിയ തകരാറുകള്‍ പരിഹരിച്ച് ടാര്‍ ചെയ്യുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കേന്ദ്ര ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചതായും സത്യവാങ്മൂലത്തിലുണ്ട്.

എന്നാല്‍ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പാലത്തിന്‍റെ സുരക്ഷിതത്വം കോടതിയെ ബോധപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.