നവകേരള സദസിനുവേണ്ടി റോഡ് ടാറിംഗ്; പ്രതിഷേധിച്ച് കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകർ
Thursday, November 16, 2023 11:51 AM IST
കണ്ണൂര്‍: നവകേരള സദസിന്റെ അഴീക്കോട് മണ്ഡലത്തിലെ വേദിയിലേക്കുള്ള റോഡ് ടാറിംഗ് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ചിറയ്ക്കല്‍ പഞ്ചായത്തിലെ റോഡ് ടാറിംഗാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
നവകേരളാ സദസിന്റെ വേദിയിലേക്കുള്ള റോഡ് മാത്രം ടാര്‍ ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.
ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പിടുന്നതിന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ റോഡ് മുഴുവന്‍ പൊളിച്ചിട്ടിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ ഇതുവരെ പരിഹാരം ഉണ്ടായില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മുഴുവന്‍ റോഡുകളും നന്നാക്കാതെ മന്ത്രിമാര്‍ സഞ്ചരിക്കുന്ന വഴി മാത്രം ടാർ ചെയ്യാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പ്രതികരിച്ചു.