നിമിഷ പ്രിയയുടെ അമ്മയുടെ ഹർജി അപേക്ഷയായി പരിഗണിക്കണം; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി
Thursday, November 16, 2023 12:47 PM IST
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ഹര്‍ജി യെമനിലെ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
യെമനിലേക്ക് പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് കാട്ടി നിമിഷ പ്രിയയുടെ അമ്മ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തേ കോടതി നോട്ടീസ് അയച്ചെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.
വധശിക്ഷയ്ക്കെതിരായ നിമിഷയുടെ അപ്പീല്‍ യെമനിലെ പരമോന്നത കോടതി തള്ളിയതായി വാദത്തിനിടെ കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരം നേരത്തേ നിമിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.
അതേസമയം യാത്രാ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ കഴിയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിമിഷയുടെ അമ്മ നല്കിയ ഹര്‍ജി അപേക്ഷയായി കേന്ദ്ര സര്‍ക്കാരിന് നല്കാന് കോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം അപേക്ഷയില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശം നല്കി.
പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കേന്ദ്രത്തിന് കൈമാറാനും നിമിഷയുടെ അമ്മയോട് കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തില്‍ കേന്ദ്രത്തില്‍നിന്ന് ഇടപെടലുണ്ടായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.