ശ്വാസംമുട്ടി രാജ്യതലസ്ഥാനം; അവലോകനയോഗം വിളിച്ച് സർക്കാർ
Thursday, November 16, 2023 1:47 PM IST
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹി സർക്കാർ മലിനീകരണ അവലോകന യോഗം വിളിച്ചു. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് യോഗം വിളിച്ചുചേർത്തത്.
കേന്ദ്രത്തിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയിൽ പറഞ്ഞിരിക്കുന്ന മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി മന്ത്രി കൂടിയാലോചന നടത്തും.
നേരത്തെ, വായുമലിനീകരണ നിയന്ത്രണ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് ഗോപാൽ റായ് ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ, മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം 386 ആയിരുന്നു. ബവാനയിൽ 442, ആർകെ പുരത്ത് 418, ജഹാംഗീർപുരിയിൽ 441, ദ്വാരകയിൽ 416, അലിപുരിൽ 415, ആനന്ദ് വിഹാറിൽ 412, ഐടിഒയിൽ 412 ഡൽഹി വിമാനത്താവളത്തിന് സമീപം 401 എന്നിങ്ങനെയാണ് വായു ഗുണനിലവാരം രേഖപ്പെടുത്തിയത്.