യശോദ മരിച്ചത് മകന്റെ അടിയേറ്റെന്ന് പോലീസ് ; അനൂപ് അറസ്റ്റില്‍
Thursday, November 16, 2023 3:45 PM IST
പാലക്കാട്: കാടാംകോട് സ്വദേശി യശോദ മരിച്ചത് അടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മകന്റെ മര്‍ദനമേറ്റാണോ ഇവരുടെ മരണമെന്ന് നേരത്തേ പോലീസ് സംശയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ യശോദയെ മര്‍ദിച്ചതായി ഇവരുടെ മകന് അനൂപ് മൊഴി നല്കി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ചയാണ് അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവരെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അമ്മ യശോദയെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയത്. അതിന് ശേഷം വീണ്ടും ഹൃദയസംബന്ധമായ ബുദ്ധിമുട്ട് ഉണ്ടായതോടെ ശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ അപ്പുണ്ണി മരിച്ചു.
അപ്പുണ്ണിയുടെ മരണവിവരമറിഞ്ഞ് യശോദ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മകന്റെ മര്‍ദനമേറ്റാണ് മരണമെന്ന് വ്യക്തമായത്.
അറസ്റ്റിലായ അനൂപ് ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.