ആലുവയിലെ കുടുംബത്തെ കബളിപ്പിച്ച സംഭവം; മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
Thursday, November 16, 2023 4:56 PM IST
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ മഹിളാ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. ആരോപണ വിധേയനായ മുനീറിന്റെ ഭാര്യ ഹസീനയെയാണ് സസ്പെൻഡ് ചെയ്തത്.
മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് ഹസീന മുനീർ. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
അതേസമയം ആരോപണവിധേയനായ മുനീര്‍ സംഭവം വാര്‍ത്തയായതോടെ തട്ടിയെടുത്ത പണം കുട്ടിയുടെ പിതാവിന് തിരികെ നല്കി. തട്ടിയെടുത്ത 50,000 രൂപയാണ് ഇയാള്‍ തിരികെ നല്‍കിയത്. പണം ലഭിച്ചതോടെ ഇനി പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് കുട്ടിയുടെ അച്ഛന് പ്രതികരിച്ചു.
മുനീര്‍ എന്നയാള്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ച് നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം.
ആ ഘട്ടത്തില്‍ ഇത് പുറത്ത് പറയാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ ആയിരുന്നില്ല. ഇത് തട്ടിപ്പ് ആണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തുവരുന്നതെന്നും കുടുംബം പ്രതികരിച്ചു.
തന്റെ അക്കൗണ്ടിലുള്ള പണം എടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് മുനീര്‍ ബന്ധപ്പെട്ടത്. എടിഎമ്മില്‍നിന്ന് പല തവണയായി പണം എടുത്തെങ്കിലും ഇത് തങ്ങള്‍ക്ക് കൈമാറിയില്ലെന്നായിരുന്നു പരാതി.