മറ്റപ്പള്ളിയിൽ പോലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ല: വിമർശിച്ച് മന്ത്രി പി. പ്രസാദ്
Thursday, November 16, 2023 6:18 PM IST
തിരുവനന്തപുരം: മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നൂറനാട് മറ്റപ്പള്ളിയിൽ പോലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്ന് മന്ത്രി പി. പ്രസാദ്. പോലീസ് നടപടി ഒട്ടും ശരിയായ കാര്യമല്ല. ബലപ്രയോഗം പോലീസ് ഒഴിവാക്കേണ്ടത് ആയിരുന്നു. അങ്ങനെയൊരു സംഘർഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മറ്റപ്പള്ളിയില്‍ ദേശീയപാത നിര്‍മാണത്തെ ചൊല്ലിയാണ് നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മണ്ണെടുക്കാന്‍ വന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ദേശീയപാത നിര്‍മാണത്തിനുവേണ്ടിയുള്ള മണ്ണെടുപ്പായതിനാല്‍ സര്‍ക്കാരും ഇതിന് അനുമതി നല്‍കുകയായിരുന്നു. മണ്ണെടുപ്പിനു കോടതി പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ പോലീസ് ലാത്തി വീശുകയും സ്ത്രീകളടക്കം 40ഓളം പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
പ്രദേശത്തെ മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ ഏറെ നാളായി പ്രതിഷേധത്തിലാണ്. മണ്ണെടുപ്പ് മൂലം കുടിവെള്ള ടാങ്ക് തകരുമെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.