ആരോഗ്യമേഖലയിലും ക്യൂബയുമായി സഹകരിക്കും: മുഖ്യമന്ത്രി
Thursday, November 16, 2023 11:11 PM IST
തിരുവനന്തപുരം: കായിക മേഖലയ്ക്കൊപ്പം ആരോഗ്യ മേഖലയിലും ക്യൂബയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ജൂണിൽ കേരളത്തിൽ നിന്നുള്ള ഔദ്യോഗിക സംഘം ക്യൂബ സന്ദർശിച്ച വേളയിലാണ് കായിക, ആരോഗ്യ മേഖലകളിൽ സഹകരിക്കാൻ ധാരണയായത്.
കേരളവും ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകളാണ്. രണ്ടിടത്തും തീരദേശം നിറഞ്ഞ ഭൂപ്രകൃതിയാണ്. പൊതുജനാരോഗ്യ രംഗത്തും രണ്ടു സ്ഥലങ്ങളും മുന്നേറിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങൾക്ക് മാതൃകയാണ്. കോവിഡ് കാലത്ത് ക്യൂബയിൽ നിന്നുള്ള ഡോക്ടർമാർ സഹായദൗത്യവുമായി മറ്റു രാജ്യങ്ങളിൽ പോയി. കേരളവും കോവിഡിനെ ഫലപ്രദമായി ചെറുത്ത് മാതൃകയായി.
കായിക മത്സരങ്ങൾ അതിർത്തികൾ കടന്ന് ജനതയെ ആനന്ദിപ്പിക്കുന്നു. കായിക ഇനങ്ങൾക്ക് ദേശാതിർത്തികളില്ല. വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം വേദിയായിക്കഴിഞ്ഞു. ഫിഫ അണ്ടർ 17 ലോകകപ്പ്, സന്തോഷ് ട്രോഫി, ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, മൗണ്ടൻ സൈക്കിളിംഗ് മത്സരങ്ങൾ എന്നിവയെല്ലാം കേരളത്തിൽ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് മീറ്റുകൾ നടത്താനുള്ള കേരളത്തിന്റെ കഴിവാണ് ഇത് വെളിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.