ട്രെയിന്‍ യാത്രികര്‍ക്ക് കണ്‍ഫേം ടിക്കറ്റ് ഉറപ്പാക്കും; 3,000 അധിക ട്രെയിനുകളും വരുന്നു
വെബ് ഡെസ്ക്
Friday, November 17, 2023 1:17 AM IST
ന്യൂഡല്‍ഹി: 2027 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാ ട്രെയിന്‍ യാത്രക്കാര്‍ക്കും റെയില്‍വേ കണ്‍ഫേം ടിക്കറ്റ് ഉറപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ദിവസവും പുതിയ ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദീപാവലിയോട് അനുബന്ധിച്ച് തിങ്ങിനിറഞ്ഞ റെയില്‍വേ പ്ലാറ്റ്‌ഫോമിന്‍റെയും ട്രെയിനുകളുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും ഏറെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് റെയില്‍വേയുടെ പുതിയ നീക്കം.
ഇതിനിടെ ബിഹാറില്‍ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ 40കാരന്‍ മരിച്ച സംഭവവും റെയില്‍വേയ്‌ക്കെതിരെ വ്യാപക വിമര്‍ശനത്തിന് കാരണമായി.
പ്രതിവര്‍ഷം 4000 മുതല്‍ 5000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ട്രാക്കുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. പ്രതിദിനം 10,748 ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ഇത് 13,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ പാസഞ്ചര്‍ കപ്പാസിറ്റി എന്നത് നിലവില്‍ പ്രതിവര്‍ഷം 800 കോടി യാത്രക്കാരാണ്. ഇത് 1000 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം.