ഛത്തീസ്ഗഡിൽ റിക്കാർഡ് പോളിംഗ്, മധ്യപ്രദേശിൽ 71.11 ശതമാനം
Friday, November 17, 2023 7:18 PM IST
റായ്പുർ: ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂർത്തിയായി. ഛത്തീസ്ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ 71.11 ശതമാനവുമാണ് പോളിംഗ്. ഛത്തീസ്ഗഡിൽ റിക്കാർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
എല്ലാ ബൂത്തുളിൽനിന്നുമുള്ള കൃത്യമായ കണക്കുകൾ ലഭിക്കുന്നതോടെ പോളിംഗ് ശതമാനം വർധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിംഗുമായി ബന്ധപ്പെട്ട രേഖകളുടെ സുക്ഷമപരിശോധനയ്ക്കുശേഷം അന്തിമ കണക്കുകൾ ശനിയാഴ്ച അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലും ഛത്തീസ്ഗഡിൽ 70 മണ്ഡലങ്ങളിലുമാണു ഇന്ന് വോട്ടെടുപ്പ് നടന്നത്. ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ 20 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
ഒറ്റ ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. ബിഎസ്പി-ജിജിപി സഖ്യവും എസ്പിയും ഏതാനും മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്. 116 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ മുഖ്യമന്ത്രി കമൽനാഥ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേൽ, ഫഗൻ സിംഗ് കുലസ്തെ, നരേന്ദ്ര സിംഗ് തോമർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടിയ പ്രമുഖർ.
ഛത്തീസ്ഗഡിലും കോൺഗ്രസ്-ബിജെപി നേർക്കുനേർ പോരാട്ടമാണ്. ബിഎസ്പിക്ക് ചിലയിടങ്ങളിൽ സ്വാധീനമുണ്ട്. നവംബർ ഏഴിനു നടന്ന ആദ്യഘട്ടം വോട്ടെടുപ്പിൽ 78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
90 സീറ്റുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ടത് 46 അംഗങ്ങളുടെ പിന്തുണയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ്ദേവ് എന്നിവരാണ് ഇന്നു ജനവിധി തേടിയത്.