തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനുള്ള ആഢംബര ബസിന് പ്രത്യേക ഇളവുകളുമായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിന് പിന്നാലെ ബസിനെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

ഭാരത് ബെന്‍സ് നിര്‍മിച്ച ബസില്‍ മുഖ്യമന്ത്രിയ്ക്ക് ഇരിക്കുന്നതിനായി വച്ച കസേര ചൈനയില്‍ നിന്നും എത്തിച്ചതാണെന്ന് റിപ്പോര്‍ട്ട്. ഇത് വരാന്‍ ഒന്നരമാസം സമയമെടുത്തെന്നും അതിനാലാണ് ബസിറക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബസിനുള്ളിലേക്ക് ആളെ എത്തിക്കുന്ന ഓട്ടോമാറ്റിക്ക് ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബസിലേക്ക് തന്നെ മടക്കിവെക്കുന്ന വിധത്തിലുള്ള ചെറുലിഫ്റ്റാണിതെന്നാണ് സൂചന. യാത്രക്കാര്‍ക്ക് പടികയറി ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം.

കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് സര്‍ക്കാര്‍ ബസിനായി പ്രത്യേക ഉത്തരവിറക്കിയത്.

നവകേരള സദസിനുള്ള ആഡംബര ബസിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിരുന്നു. ഈ ബസിനുവേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയെന്ന് വിജ്ഞാപനത്തിലുണ്ട്.

ഇതിനുപുറമെ വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസിനുവേണ്ടിയിറക്കിയ ആഢംബര ബസിനു മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക.

കെഎസ്ആര്‍ടിസി എംഡിയുടെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.