ഗവര്‍ണര്‍ മടക്കിയ ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ
Saturday, November 18, 2023 3:27 PM IST
ചെന്നൈ: ഗവര്‍ണര്‍ ആർ.എൻ.രവി മടക്കിയ ബില്ലുകള്‍ ഐക്യകണ്ഠേന പാസാക്കി തമിഴ്നാട് നിയമസഭ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.
ഇന്ന് പാസാക്കിയ 10 ബില്ലുകള്‍ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 10 ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചത്. ഇതോടെ രണ്ടാമതും പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകും.
എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ അടക്കമാണ് ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയച്ചത്. അതുകൊണ്ട് ബില്ലുകൾ വീണ്ടും പാസാക്കാനുള്ള പ്രമേയത്തെ എഐഎഡിഎംകെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം സഭയില്‍ നാലംഗങ്ങള്‍ മാത്രമുള്ള ബിജെപി സമ്മേളനം ബഹിഷ്കരിച്ചിരുന്നു.
ബില്ലുകള്‍ തിരിച്ചയച്ചതിലൂടെ ഗവര്‍ണര്‍ നിയമസഭയെയും തമിഴ്നാട്ടിലെ ജനതയേയും അപമാനിച്ചെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പറഞ്ഞു. അതിനാല്‍ ഗവര്‍ണര്‍ പദവി ഒഴിവാക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു.
ഇതിന് സാധിക്കില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബഹുമാനിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണമെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. ബില്ലുകളില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം തേടാം.
എന്നാല്‍ അത് ചെയ്യാതെ ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് സുപ്രീംകോടതി കണ്ണുരുട്ടിയപ്പോള്‍ ബില്ല് തിരിച്ചയച്ചെന്നും സ്റ്റാലിന് സഭയില്‍ പറഞ്ഞു.