പന്പിലെ കവർച്ച; അന്തർ സംസ്ഥാന മോഷണസംഘമെന്ന് പോലീസ്
Sunday, November 19, 2023 7:38 AM IST
കോഴിക്കോട്: മാങ്ങാപ്പൊയില്‍ എച്ച്പിസിഎൽ പമ്പിൽ മുളകുപൊടിയെറിഞ്ഞ ശേഷം ഉടുമുണ്ടുരിഞ്ഞ് മുഖത്തുകെട്ടി കവർച്ച നടത്തിയത് അന്തർ സംസ്ഥാന മോഷണസംഘമാണെന്ന് പോലീസ്.
സമാനരീതിയിൽ ഇവർ തമിഴ്നാട് മേട്ടുപ്പാളയത്തും കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
പെട്രോളടിക്കാനെന്ന വ്യാജേന പന്പിൽ എത്തുന്ന ഇവർ പണം വാങ്ങാനെത്തുന്ന ജീവനക്കാരെയാണ് ആക്രമിക്കുന്നത്.
ആദ്യം മുഖത്തേക്ക് മുളകുപൊടിയെറിയും. ഞൊടിയിടയ്ക്കുള്ളിൽ സംഘത്തിലൊരാൾ ഉടുമുണ്ടുരിഞ്ഞ് ജീവനക്കാരന്റെ മുഖത്ത് കെട്ടും. ഇതിനിടെ പണമടങ്ങിയ ബാഗ് സംഘം തട്ടിയെടുത്തിട്ടുണ്ടാവും.
ഞൊടിയിടയിൽ മുങ്ങുകയും ചെയ്യും. ഏതാനും മിനിട്ടുകൾ മാത്രം എടുത്താണ് ഇവരുടെ മോഷണം. എന്താണ് സംഭവിച്ചതെന്ന് ഇരകൾ മനസിലാക്കുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നഷ്ടപ്പെട്ടിരിക്കും.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് സംഘം മോഷണത്തിനെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മേട്ടുപ്പാളയത്ത് നടത്തിയ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്.
ഈ രണ്ടു ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. എന്നാൽ ഇപ്പോഴും സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടില്ല.