നവകേരള സദസ് സര്‍ക്കാര്‍ ചെലവില്‍ പ്രതിപക്ഷത്തെ കുറ്റം പറയാനുള്ള വേദി: കെ.മുരളീധരന്
Sunday, November 19, 2023 1:10 PM IST
തിരുവനന്തപുരം: നവകേരള സദസ് സര്‍ക്കാര്‍ ചെലവില്‍ പ്രതിപക്ഷത്തെ കുറ്റം പറയാനുള്ള വേദി മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതികള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം കാണുമായിരുന്നെന്ന് മുരളീധരന് പ്രതികരിച്ചു.
നവകേരള സദസില്‍ അങ്ങനെയല്ല. ജനത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ കഴിയില്ല. കൗണ്ടറില്‍ പരാതി നല്കിയ ശേഷം ആളുകള്‍ മടങ്ങുകയാണ് ചെയ്യുന്നത്. അതില്‍ കൂടുതലായി ഒന്നും നടക്കുന്നില്ലെന്നും മുരളീധരന് വിമര്‍ശിച്ചു.
സദസിനെ പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയിരിക്കുകയാണ്. ഇത് രാഷ്ട്രീയ പരിപാടി അല്ലെങ്കില്‍ സിപിഎം നേതാക്കള്‍ എത്തിയത് എന്തിനാണെന്നും മുരളീധരന് ചോദിച്ചു.
തലകുത്തി നിന്നാലും കേരള കോണ്‍ഗ്രസിനെ കിട്ടിയതുപോലെ ലീഗിനെ കിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.