ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം
Sunday, November 19, 2023 8:40 PM IST
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം. സംഭവത്തെ തുടർന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. പോലീസും എയർപോർട്ട് അധികൃതരും കനത്ത ജാഗ്രതയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് സുരക്ഷ മുൻനിർത്തി വ്യോമപാത അടയ്ക്കുകയായിരുന്നു. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇംഫാലിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങൾ റദ്ദാക്കി.
ചില വിമാനങ്ങൾ ഇംഫാൽ വ്യോമാതിർത്തിയിൽ നിന്ന് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. പ്രദേശത്ത് പരിശോധന തുടരുകയാണ്.