ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Monday, November 20, 2023 3:30 AM IST
ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
പഞ്ചാബ്,തെലങ്കാന സർക്കാരുകൾ ഗവർണർമാർക്കെതിരേ സമർപ്പിച്ച ഹർജിയിലേതിനു സമാനമായി കേരള ഗവർണർക്കെതിരേയും സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ പരാമർശമുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഗവർണറർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറലും, മുതിർന്ന മലയാളി അഭിഭാഷകനുമായ കെ.കെ. വേണുഗോപാലും ഹാജരാകും.
രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തിൽ ഉടൻ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കഴിയാവുന്നത്ര വേഗത്തിൽ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം. ബില്ലുകൾ എത്രകാലം ഗവർണർക്ക് കൈവശം വയ്ക്കാമെന്നതിൽ വ്യക്തതയും തേടിയേക്കും.
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.
മുന്പ് പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് തീ കൊണ്ടാണ് കളിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചിരുന്നു. ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഇതിന് പിന്നാലെ പണ ബിൽ അംഗീകരിച്ചെങ്കിലും മറ്റു ബില്ലുകളിൽ തീരുമാനമെടുത്തിട്ടില്ല.
കോടതി വിമർശനത്തെ തുടർന്ന്, പിടിച്ചു വച്ചിരുന്ന 10 ബില്ലുകൾ തമിഴ്നാട് ഗവർണർ സർക്കാരിന് തിരിച്ചയച്ചിരുന്നു. എന്നാൽ, ശനിയാഴ്ച് പ്രത്യേക നിയമസഭാസമ്മേളനം ചേർന്ന് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ് ഗവർണറുടെ മനോഭാവം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.