ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ്: സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
Monday, November 20, 2023 11:50 AM IST
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അഡ്വ. സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സൈബി ജോസ് 2019 ജൂലൈ 19 മുതല്‍ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
എന്നാല്‍ തനിക്കെതിരേ വ്യാജ ആരോപണങ്ങളാണ്; തെളിവുകളില്ല. അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സൈബി ഹൈക്കോടതിയെ സമീപിച്ചത്.
അതേ സമയം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കേസിലെ പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സൈബിക്ക് എതിരേ തെളിവുകള്‍ ലഭിച്ചില്ല എന്നതാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സാക്ഷിമൊഴികളിലെ ചില പാകപ്പിഴകള്‍ നിമിത്തം റിപ്പോര്‍ട്ട് കോടതി മടക്കിയിരുന്നു. വീണ്ടും മൊഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി സമര്‍പ്പിക്കാന്‍ ഉത്തരവും ഇട്ടു. ഇതിനിടയിലാണ് ഹൈക്കോടതി സൈബിയുടെ ഹര്‍ജി പരിഗണിച്ച് തീര്‍പ്പ് കല്പിച്ചത്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ നടപടി അവസാനിച്ചെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പരിഗണിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷ നല്കിയാല് ഹര്ജിക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.