റിമാന്‍ഡ് തടവുകാരനെ പോലീസുകാര്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
Monday, November 20, 2023 3:01 PM IST
തിരുവനന്തപുരം: റിമാന്‍ഡ് തടവുകാരനെ പോലീസുകാര്‍ ജയിലില്‍ വെച്ച് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ലിയോണ്‍ ജോണ്സണ് ആണ് പരാതിയുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിലെ പ്രതിയാണ് ലിയോണ്‍. മറ്റ് നിരവധി കേസുകളിലും പ്രതിയാണ് ഇയാള്‍.
ഉദ്യോഗസ്ഥര്‍ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചുവെന്നും ചികിത്സ നിഷേധിച്ചെന്നും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍പറയുന്നു. ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയും ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.
സംഭവം പുറത്ത് പറഞ്ഞാല്‍ കൂടുതല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഷര്‍ട്ട് ധരിക്കാതെയാണ് തിങ്കളാഴ്ച ഇയാള്‍ കോടതിയില്‍ എത്തിയത്. വിഷയത്തില്‍ നേരത്തെ, ലിയോണിന്റെ ബന്ധുക്കളും മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ജയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.