മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദനം
Monday, November 20, 2023 7:09 PM IST
കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം. നവകേരള സദസിന്റെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോണ്ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർക്കരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.
അതേസമയം പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ഇവരെ മർദിച്ചു. ഇടത് പ്രവർത്തകർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടർന്ന് കൂടുതൽ പേരെത്തി കോണ്ഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു.
പഴയങ്ങാടി എരിപുരത്തുവച്ചാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം.
ഇതിനിടെ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലുണ്ടായിരുന്ന യൂത്ത് ലീഗ്-യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് പ്രവർത്തകർ പോലീസ് സ്റ്റേഷൻ വളഞ്ഞു.
പിന്നീട് ഇടതു പ്രവർത്തകർ സ്റ്റേഷനു പുറത്തേയ്ക്കിറങ്ങി പുറത്തുണ്ടായിരുന്ന യൂത്ത് ലീഗ്-യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ചു. അക്രമത്തിൽ ഏഴ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറന്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസിന് നേരെയും ഡിവൈഎഫ്എ പ്രവർത്തകർ തട്ടിക്കയറി. സുരക്ഷാ വീഴ്ച ആരോപിച്ചായിരുന്നു പോലീസിന് നേരെ പ്രതിഷേധം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി.