വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ: കെ.സുരേന്ദ്രൻ
Monday, November 20, 2023 10:52 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എം. ഹസനുമുൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കു വ്യാജ തിരച്ചറിയൽ കാർഡ് നിർമാണത്തെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കേരള, കർണാടക നേതാക്കൾക്ക് വ്യാജ തരിച്ചറിയൽ കാർഡ് നിർമാണത്തിൽ പങ്കുണ്ട്. മലയാളിയും കർണാടക കോണ്‍ഗ്രസിലെ ഉന്നത നേതാവുമായ എൻ.എ. ആരിഫിന്റെ മകനും കർണാടകയിലെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹാരിസ് ആലപ്പാടനും ചേർന്നാണ് വ്യാജ തിരച്ചറിയൽ കാർഡ് ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
കർണാടക യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു ഷാഫി പറന്പിലും പോയിരുന്നു. അതിനുശേഷമാണ് ഇരുവരും ചേർന്നു കേരളത്തിലും വ്യാജ തിരച്ചറിയൽ കാർഡുകൾ നിർമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.