കാക്കിയിലേക്ക് വീണ്ടും കെഎസ്ആർടിസി ജീവനക്കാർ
Monday, November 20, 2023 11:02 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവർ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിലവിൽ ഇളം നീല നിറത്തിലുള്ള യൂണിഫോമാണ്. സ്റ്റേഷൻ മാസ്റ്റർമാർക്കും ഇൻസ്പ്കെടർമാർക്കും കറുത്ത പാന്റ്സും ക്രീം കളർ ഷർട്ടുമാണ് നിലവിലെ യൂണിഫോം. ഇതെല്ലാം ഉടൻ കാക്കിയിലേക്ക് മാറും.
ഇതിനു പുറമേ വെഹിക്കിൾ സൂപ്പർവൈസർ, ഹെഡ് വെഹിക്കിൾ സൂപ്പർ വൈസർ, മെക്കാനിക്, പന്പ് ഓപറേറ്റർ, ടയർ ഇൻസ്പെകട്ർ, സ്റ്റോർ ജീവനക്കാർ എന്നിവരുടെ വേഷവിധാനത്തിലും മാറ്റമുണ്ട്. എല്ലാ വിഭാഗങ്ങൾക്കും നെയിം ബോർഡ് ധരിക്കണമെന്നതാണ് പുതിയ നിബന്ധന.
നിലവിലെ യൂണിഫോം ബസിലെ ജോലിക്ക് അനുയോജ്യമല്ലെന്ന് ഏറെ നാളായി എല്ലാ യൂണിയനുകളും പരാതി ഉന്നയിക്കുന്നുണ്ട്. രാവിലെ ആറിന് ഡ്യൂട്ടിക്ക് കയറിയാൽ പത്താകുന്പോൾ തന്നെ വസ്ത്രം മുഷിയുന്നുവെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം മുഖവിലക്കെടുത്താണ് എട്ടുവർഷത്തിന് ശേഷം മാനേജ്മെന്റ് മാറ്റത്തിന് തയാറായത്.