വിശാഖപട്ടണത്തെ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കം; പോലീസ് നൽകുന്ന വിവരം ഇങ്ങനെ...
Tuesday, November 21, 2023 1:01 AM IST
വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന നൽകി പോലീസ്.
തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബറിനോട് മറ്റു യൂട്യൂബർമാർക്കുള്ള വിരോധമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു. പണവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കത്തിയ ബോട്ട് വെട്ടിമാറ്റിയെങ്കിലും ശ്രമം വിജയിച്ചില്ല.
തീ പെട്ടെന്ന് വ്യാപിക്കുകയും 40 ബോട്ടുകൾ കത്തിനശിക്കുന്നതിലേക്ക് എത്തുകയുമായിരുന്നു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകൾ നിറയെ ഡീസൽ നിറച്ചതായിരുന്നു. കൂടാതെ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളും ഇവയിൽ ഉണ്ടായിരുന്നു.
ഇതാണ് തീപെട്ടെന്ന് വ്യാപിച്ചതിന്റെ കാരണം. ഇന്ത്യൻ നാവികസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് തീയണച്ചത്. ഓരോ ബോട്ടിനും 15 ലക്ഷം രൂപ വിലവരും. മൊത്തത്തിൽ അഞ്ച് കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.