ബസിന് മുന്നില്‍ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് സിപിഎമ്മുകാർ ശ്രമിച്ചത്: അക്രമത്തെ പ്രശംസിച്ച് മുഖ്യമന്ത്രി
Tuesday, November 21, 2023 11:29 AM IST
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസില്‍വച്ച് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബസിന് മുന്നില്‍ ചാടിയവരെ രക്ഷിക്കാനുള്ള മാതൃകാപരമായ ഇടപെടലാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്. അവരുടെ ജീവന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ച് നവകേരള സദസില്‍ പങ്കെടുക്കുന്ന നിഷ്പക്ഷരായ ആളുകളെ തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനലക്ഷങ്ങള്‍ ഒഴുകിവരുമ്പോള്‍ അവരെ തടയാന്‍ വേറേ മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
തിങ്കളാഴ്ച കണ്ണൂരില്‍ കണ്ടത് അക്രമോത്സുകതയാണ്. വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടായത്. ഇത് ജനാധിപത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ് അശ്ലീല നാടകമെന്നാണ് പ്രതിപക്ഷം ആക്ഷേപിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ് ഇത്തരം പദപ്രയോഗങ്ങള്‍ കൊണ്ട് അവഹേളിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സദസില്‍ നല്കിയ കത്തുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് ഒരു പത്രം വ്യാജ വാര്‍ത്ത നല്കി. എന്നാല്‍ പരാതിക്കത്ത് ഇട്ട് നല്കിയ കവറുകളാണ് ഇത്തരത്തിൽ ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.