തൃശൂരിലെ വെടിവയ്പ്പ്; പൂര്‍വ വിദ്യാര്‍ഥിയുടെ അക്രമം സ്കൂളില്‍വച്ച് ഭാവി നശിച്ചെന്ന് ആരോപിച്ച്
Tuesday, November 21, 2023 3:06 PM IST
തൃശൂര്‍: വിവേകോദയം സ്കൂളിലെ ക്ലാസ് മുറിയില്‍ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്കൂളില്‍വച്ച് ഭാവി നശിച്ചെന്ന് പറഞ്ഞാണ് ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിയായ ജഗന് അക്രമം നടത്തിയതെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
സ്കൂളില്‍ നിന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ഥിയാണ് ജഗന്. 2021 ല്‍ ഒരു വര്‍ഷം സ്കൂളില്‍ വന്നിരുന്നു. പിന്നീട് പരീക്ഷ എഴുതാന്‍ പോലും സ്കൂളില്‍ വന്നിട്ടില്ല. ഇയാളുടെ കൈയില്‍ തോക്ക് കണ്ടതോടെ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസിനെ കണ്ടപ്പോള്‍ മതില് ചാടിക്കടന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ജഗന് അക്രമം നടത്തിയത് ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,500 രൂപ വില വരുന്ന ബേബി എയര്‍ പിസ്റ്റള്‍ 177 സെപ്റ്റംബര്‍ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂര് ഗണ്‍ ബസാറില്‍ നിന്നാണ് വാങ്ങിയത്.
പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാള്‍ നല്കിയ മൊഴി. 2020 മുതല്‍ ഇയാള്‍ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് അക്രമിയുടെ മാതാപിതാക്കള്‍ പറയുന്നത്.