വിവേകോദയം സ്കൂളിലെ വെടിവയ്പ്പ്; പോലീസ് കേസെടുത്തു
Tuesday, November 21, 2023 5:09 PM IST
തൃശൂർ: വിവേകോദയം സ്കൂളിലെ വെടിവയ്പ്പിൽ പോലീസ് കേസെടുത്തു. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പോലീസാണ് സ്കൂളിലെ പൂർവ വിദ്യാർഥി ജഗനെതിരെ കേസെടുത്തത്.
ഐപിസി 448, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും തൃശൂർ ഈസ്റ്റ് പോലീസ് അറിയിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് റിപ്പോർട്ടും നൽകും.
അതേസമയം, സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.