ഇസ്രയേൽ ഹമാസ് യുദ്ധം; വെടിനിർത്തലിനു ധാരണ
Wednesday, November 22, 2023 5:30 AM IST
ജറുസലം: ഗാസയിലെ യുദ്ധം താത്കാലികമായി നിർത്താൻ ഇസ്രയേലും ഹമാസും ധാരണയായതായി സൂചന. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് താത്കാലിക വെടിനിർത്തലിനു തീരുമാനമായത്. ധാരണ പ്രകാരം ബന്ദികളെ ഹമാസ് മോചിപ്പിക്കും.
ഇവരിൽ ഇസ്രയേലികളും വിദേശികളും സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് സൂചന.എന്നാല്‍ സൈനികരെ വിട്ടയക്കില്ല. മോചിപ്പിക്കുന്ന ബന്ദികൾക്കു പകരം ഇസ്രയേൽ ജയിലിലുള്ള മുന്നൂറോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഗാസയിലേക്ക് 300 ട്രക്ക് ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
ഗാസയിലെ ഒരു സായുധസംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. താത്കാലിക വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ നിന്ന് ഹമാസ് 240 പേരെയാണു ബന്ദികളാക്കിയത്.യുദ്ധം വരുത്തിയ ദുരിതം സംബന്ധിച്ചു ഖത്തറിൽ ഹമാസ് മേധാവിയുമായും ഖത്തർ അധികൃതരുമായും ചർച്ച നടത്തിയതായി റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റ് മിർയാന സ്പൊർയാറിച് പറഞ്ഞു.
അതിനിടെ സെൻട്രൽ ഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിൽ അർധരാത്രി ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 20 പലസ്തീൻകാർ കൊല്ലപ്പെട്ടു.