കണ്ടലയില്‍ നടന്നത് കരുവന്നൂർ മോഡല്‍ തട്ടിപ്പ്; ഭാസുരാംഗനും മകനും നേരിട്ട് പങ്കെന്നും ഇഡി
Wednesday, November 22, 2023 2:10 PM IST
തിരുവനന്തപുരം: കണ്ടല സഹകരണബാങ്കിൽ കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് നടന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിപിഎം നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എന്‍. ഭാസുരാംഗന്, മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഇഡി വ്യക്തമാക്കി.
ഇരുവരെയും ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതിയിലാണ് ഇരുവരെയും ഹാജരാക്കുക.
ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ചാണ് ഭാസുരാംഗന്, മകന് അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെ ഇഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. ഭാസുരാംഗനെ നാലുതവണയും മകന് അഖില്‍ജിത്തിനെ മൂന്നു തവണയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ബാങ്ക് സെക്രട്ടറി ബൈജുവിനെയും ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.
കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനു ശേഷം ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക രേഖകളും പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. തിരുവനന്തപുരത്ത് ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഉള്‍പ്പെടെ ഇഡി ശേഖരിക്കുകയുണ്ടായി. തട്ടിപ്പിലൂടെ ലഭിച്ച തുക മകന്റെ ബിസിനസില്‍ ഉള്‍പ്പെടെ വിനിയോഗിച്ചതായും ഇഡി കണ്ടെത്തിയിരുന്നു.